ഗാർലൻഡ്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കൊണ്ടു ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു.
ദേവാലയത്തിൽ വ്യാഴാഴ്ച രാത്രി ഏഴിന് വിശുദ്ധ കുർബാനയും തുടർന്ന് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടത്തി. വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റതോട്ട്, ഫാ. ക്രിസ്റ്റീൻ പുതിയ കുന്നേൽ എന്നിവർ നേതൃത്വം നൽകി.
കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ലോക ക്രൈസ്തവ സമൂഹം അനുഷ്ഠാനങ്ങളോടെ പെസഹാ ആചരിക്കുന്നത്.
"കടന്നുപോകൽ' എന്നാണ് പെസഹ എന്ന വാക്കിനർഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനം മോശയുടെ പ്രവാചകത്വത്തിൽ വിമോചിതരായതിനെയാണ് ഇതുസൂചിപ്പിക്കുന്നത്.
യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ "എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം' എന്ന മാതൃക പകർന്നാണ്, എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്.
അതിനെ അനുസ്മരിക്കും വിധം സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന ശുശ്രൂഷയാണ് നടന്നത്.